പ്രണയതാഴ്‌വരയിലെ ദേവദാരു

"എടോ.. ഒരു കാര്യം ചോദിക്കട്ടേ?"

"ചോദിക്ക് "

"നാളെയെന്താണ് സംഭവിക്കുന്നതെന്നറിയില്ല എന്നാലും എന്നെങ്കിലുമൊരിക്കൽ നീയാണ് എന്റെ പ്രണയം, ഞാനാണ് നിന്റെ പ്രണയമെന്ന് ലേശം ഭയമില്ലാതെ വരും വരാഴ്കകളെപ്പറ്റിയൊന്നും ആലോചിക്കാതെ ഈ ലോകത്തോട് വിളിച്ചുപറയാൻ കഴിയുമോ നമുക്ക്?"

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി, അവൻ നിശബ്‍ദനായിരുന്നു. അവൾ തുടർന്നു.

"ഇല്ല, അല്ലേ? കഴിയില്ലടോ എത്ര ശ്രമിച്ചാലും നമുക്കതിനു കഴിയില്ല. പ്രാണനെപ്പോലെ ചേർത്തുനിർത്തിയിട്ട് വിട്ടുകൊടുക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയല്ലേ, അവരുടെ സന്തോഷത്തിനുവേണ്ടിയല്ലേ? നമുക്കിടയിലെ പ്രണയം, അതിനെപ്പറ്റി അറിയുന്നവരേക്കാൾ അറിയാത്തവരാണ് അധികവും. അത് പുറത്തറിയിക്കാതെ നമ്മളിലേക്കുതന്നെ ഒതുക്കിവെയ്ക്കുന്നതും ഒരുപക്ഷെ നമ്മുടെ പ്രിയപ്പെട്ടവരെ ഓർത്തിട്ടുതന്നെയല്ലേ?"

പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാനാവാതെ അവൾ മുഖം കുനിച്ചു.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവിടെ തളംക്കെട്ടിനിന്ന മൗനത്തെ ഭേദിക്കാനാണ് അവളൊന്ന് മുഖമുയർത്തിയത്. അപ്പോഴും നിശബ്‍ദനായി ചലനമറ്റ് അവനിരുന്നു.കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു, പുറത്തേക്ക് വീഴാൻ വെമ്പൽ കൊണ്ട് ഏതാനും കണ്ണുനീർതുള്ളികൾ കൺപീലികളിൽ ഉടക്കിനിന്നു. അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച. അടുത്തനിമിഷം അവനെ തന്നിലേക്ക് ചേർത്ത് നെറുകയിൽ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു.

"നമ്മളെപ്പോലെ നമ്മൾ മാത്രമേയുള്ളടോ, അതുമതി എന്നും. അതുകൊണ്ടുതന്നെ still I love you..."

അലസമായി പാറിക്കിടന്ന അവന്റെ തലമുടിയിലൂടെ അവൾ കൈകളോടിച്ചു.കൈക്കുമ്പിളിൽ അവന്റെ മുഖം കോരിയെടുത്ത് നിറകണ്ണുകളോടെ അവൾ ചിരിച്ചു.

അപ്പോൾ അവർക്കുമുകളിൽ ഒരുപിടി പൂക്കൾ അടർന്നുവീണു.. പറയാതെ അറിയാതെ പോയൊരാ പ്രണയത്തിന്റെ പേരിൽ ആ താഴ്‌വരയിൽ ഒറ്റപ്പെട്ടുപോയ ഒരു മരത്തിന്റെ തേങ്ങലായിരുന്നു അത്...!

Comments

Popular posts from this blog