ഓർമ്മമേഘങ്ങൾ പെയ്തൊഴിയുമ്പോൾ  


"ചേർത്തുപിടിക്കാനോ കേൾക്കാനോ ആളില്ലാതെ ചോരവാർന്ന് ഭീകരമായ ഒരു തരം മൗനം താളം കെട്ടി നിൽക്കുന്ന ഇരുട്ടിലേക്കും പിന്നീട് മരണത്തിലേക്കും മൗനമായി യാത്ര തിരിക്കും .. ആ യാത്രക്കാണ് ഏറ്റവും വേദന.." 

ഒരിക്കൽക്കൂടി ആ വരികളിലൂടെ കണ്ണുകളോടിക്കുമ്പോൾ ഉടലാകെ വിറകൊള്ളുന്നതവളറിഞ്ഞു. വർഷങ്ങൾ എത്ര കഴിഞ്ഞുപോയി.. ഇനിയൊരു തിരിച്ചുപോക്ക് സാധ്യമാണോന്നറിയില്ല എന്നാലും..  

ഓർമ്മയുടെ താളുകളിൽ ഇനിയും നിറം മങ്ങിയിട്ടില്ലാത്ത ഒന്നിലധികം ചിത്രങ്ങൾ ഓരോന്നായി തെളിഞ്ഞു വരുകയാണ്. കൈയ്യിലിരുന്ന കടലാസു കഷണത്തിലേക്കും വിറയൽ പടർന്നു തുടങ്ങിയപ്പോൾ മേശമേലിരുന്ന ഡയറിയുടെ പേജുകൾക്കുള്ളിലേക്ക് അത് മടക്കിവെച്ചു. വീണുപോകാതിരിക്കാൻ മേശയുടെ വക്കിൽ മുറുകെ പിടിച്ചു, ജനാലയിലൂടെ പുറത്തേക്കു കണ്ണയച്ചു.. 

പുറത്ത് വെയിൽ മങ്ങിത്തുടങ്ങിയിരിക്കുന്നു, ആകാശം ഇരുട്ടു മൂടിത്തുടങ്ങുന്നു; തുലാമഴയുടെ വരവാണ്. നോക്കിനിൽക്കെ തന്നെ ഓരോ തുള്ളികളായി വീണുതുടങ്ങി, പതിയെ അതൊരു പേമാരിയായി മാറി. കാലം തെറ്റിയുള്ള മഴയാണ്., ഇപ്പോൾ ഇതൊരു പതിവായിരിക്കുന്നു. മനുഷ്യരെപ്പോലെ തന്നെ പ്രകൃതിയും പതിവുകൾ മുടക്കിത്തുടങ്ങുന്നു. 

ഇത്തരം താളംതെറ്റലുകൾ സൃഷ്ടിക്കുന്ന ആഘാതങ്ങൾ പ്രവചനാതീതമാണ്. മനുഷ്യരോടൊപ്പം തന്നെ സകല ജീവജാലങ്ങളും ഇരകളാക്കപ്പെടുന്നു. 

എന്നിട്ടുമെന്തേ ഇനിയും നമ്മുടെ ചിന്തകൾ തെളിയുന്നില്ല ?! 

കാലക്കേടു തന്നെ അല്ലാതിപ്പോ എന്താ പറയുക ?

 എന്നത്തേതും പോലെ ഇതും നമുക്ക് കാലത്തിന്റെ തലയിൽ വെച്ചുകെട്ടാം..

തുറന്നിട്ട ജനാലയിലൂടെ മുഖത്തേക്ക് വെള്ളം വീണു തുടങ്ങിയപ്പോൾ കസേര വലിച്ചിട്ട് അവൾ മേശക്കരികിലിരുന്നു. മഴയുടെ വരവിൽ ചിതറിത്തെറിച്ച ചിന്തകളിലേക്ക് മടങ്ങി. 

വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു ., യാതൊരു വിവരവുമറിയാതെ എത്ര നാളുകളാണ് കടന്നുപോയത്. ഇനിയൊരു കൂടിക്കാഴ്ചയിൽ എന്താണ് സംഭവിക്കുക എന്നതിനെ പറ്റി ഒരു പിടിയും കിട്ടുന്നില്ല. ഒരു നോക്ക് കാണാതെ ഒന്നും മിണ്ടാതെ തിരിച്ചുവരവുണ്ടാകുമോ എന്നുപോലും അറിയാത്ത യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുന്നതെങ്ങനെയാണ് ?!

സ്വയം ശിക്ഷിക്കാൻ വേണ്ടിയാണ് ഇത്രയും കാലം ആർക്കു മുന്നിലും വരാതെ മാറി നടന്നത്.., പക്ഷേ ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. 

പോകണം .. ഒരിക്കൽക്കൂടി !!! 

പറയാനുള്ളത് അത്രയും പറഞ്ഞുതീർക്കണം., കഴിയുമെങ്കിൽ മനഃപൂർവ്വമല്ലാതെ ചെയ്ത തെറ്റുകൾക്കൊക്കെയും ക്ഷമ ചോദിക്കണം.. പകരം തരുന്ന ശിക്ഷ എന്ത് തന്നെയായാലും അതേറ്റു വാങ്ങാൻ താൻ ബാധ്യസ്ഥയാണ്.

മഴയുടെ ശക്തി കുറഞ്ഞുവെന്നു തോന്നിയപ്പോൾ കുടയെടുത്ത് ഇറങ്ങിനടന്നു. 

മഴ പെയ്തുതീർന്നപ്പോൾ മരം പെയ്തുതുടങ്ങി !!!

കാലിലൂടെ തണുപ്പ് അരിച്ചുകയറിത്തുടങ്ങി, അന്തരീക്ഷത്തിലെ തണുപ്പിനൊപ്പം ശരീരം വിറച്ചുതുടങ്ങി. വെട്ടുകല്ലുകൾ പാകിയ വീട്ടുപടിക്കലാണ് നടത്തം അവസാനിച്ചത്. രണ്ടടികൂടി നടന്ന് ഒതുക്കുകല്ലുകൾ കയറി മുറ്റത്തെത്തി. മഴയും കാറ്റും വാരിവിതറിയ ഇലകളും ചുള്ളിക്കമ്പുകളും മുറ്റമാകെ വീണുകിടന്നിരുന്നു. മുറ്റത്തിനപ്പുറം വീട് നിലകൊണ്ടു തികച്ചും മൂകമായി.. മുറ്റം കടന്ന്‌ ചവിട്ടുപടിയിൽ ചെരുപ്പ് അഴിച്ചുവെച്ച് അവൾ തലയുയർത്തുമ്പോഴേക്കും കാത്തിരുന്നതുപോലെ അടഞ്ഞുകിടന്ന വാതിൽ തുറക്കപ്പെട്ടു. വാതിലിനു പിന്നിൽ നിന്ന മുഖം അവ്യക്തമായിരുന്നു. ഒരു നിമിഷം അകത്തേക്കു കയറാതെ അവിടെ തന്നെ നിന്നുപോയി. വാതിൽക്കൽ കണ്ട നിഴൽരൂപം പതിയെ പുറത്തേക്കു വന്നു. ഇരുൾ മൂടി കിടന്ന ആ വീട്ടിലെ പ്രകാശം സംസാരിച്ചുതുടങ്ങി., നാളുകൾ നീണ്ട കാത്തിരിപ്പിന് വിരാമമെന്നപോലെ..

"ഇന്ന് നീ വരുമെന്ന് എനിക്കറിയാമായിരുന്നു. മഴമേഘങ്ങൾ ഇപ്പോൾ എന്നോടും വർത്തമാനം പറയാറുണ്ട്.. പറയുന്നതേറെയും നിന്നെ പറ്റിയാണെന്ന് മാത്രം! നിന്റെ വരവ് അവർ ആഘോഷമാക്കിയത് കണ്ടില്ലേ നീ ?? "

വാക്കുകൾ പുറത്തേക്കു വന്നില്ല., കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.. തൊണ്ടക്കുഴിയിൽ ഒരു കരച്ചിലുടക്കി. പെട്ടെന്ന് മുന്നോട്ടാഞ്ഞ് ആ  നെഞ്ചിലേക്കു അവൾ വീണു. ആ കരങ്ങൾ അവളെ താങ്ങി. കാത്തു കാത്ത് വന്നെത്തിയ ഒരു മഴ ആർത്തലച്ചു പെയ്തു തുടങ്ങുകയായിരുന്നു അവിടെ. മൗനത്തിലാണ്ടു കിടന്ന വീട്ടിൽ നേർത്ത തേങ്ങലുകൾകൊണ്ടു നിറഞ്ഞു.

അവളുടെ നെറുകയിൽ മെല്ലെ വിരലുകളോടിച്ചയാൾ പറഞ്ഞു. 

"ഈ ജന്മം മുഴുവൻ എനിക്ക് കാത്തിരിക്കാൻ നീ മാത്രേയുള്ളൂ., അതിനുവേണ്ടിയാണ് ഇന്നുവരെയും ഞാനിവിടെ ജീവിച്ചത്. ഈ വീടും ഞാനും ഇവിടെയുള്ളിടത്തോളം കാലം നിനക്കിവിടെയെത്താതിരിക്കാൻ കഴിയില്ലടോ..ഞാനുള്ളപ്പോൾ നീ ഒറ്റക്കാവില്ല.. "

ഒരിക്കൽ പിൻവാങ്ങിയ മഴ തിരിച്ചെത്തി പൂർവാധികം ശക്തിയോടെ ..

ഓർമ്മമേഘങ്ങൾ പെയ്തൊഴിയുകയായിരുന്നു..  🍃



Comments

Popular posts from this blog