പണയം 

"താലിയും കമ്മലുംകൂടി കൊണ്ട് പണയം വെക്കാം, എന്നിട്ട് വീട്ടിലെ കാര്യം നടത്താം". 'അമ്മ പറഞ്ഞു നിർത്തി. 

 രാവിലെ എണീറ്റു വന്നപ്പോൾ  കേട്ട വർത്തമാനമാണ്.കേട്ടപാതി കേൾക്കാത്തപാതി അമ്മയെ എതിർത്തു .

"അമ്മക്കെന്താ? പറയാൻ എളുപ്പമാണ്, ഇനി അതുകൂടിയെ ഉള്ളൂ ".

"പിന്നെന്തു ചെയ്യാനാ ? വീട്ടിലെ കാര്യങ്ങളൊക്കെ നടക്കണ്ടേ ? പണിയുമില്ല കാശുമില്ലാത്തത്കൊണ്ട് ആരും ആരോടും മിണ്ടുന്നുമില്ല, എത്ര ദിവസം ഇങ്ങനെ പോകും?"  അമ്മ വേവലാതി പൂണ്ടു.

അമ്മയ്കുള്ള  മറുപടിയൊന്നും കയ്യിലില്ലാത്തതുകൊണ്ടു  മുറ്റത്തേക്കിറങ്ങി നടന്നു. 'അമ്മ  പറയുന്ന പോലെ എത്രനാൾ ഇങ്ങനെ തുടരും?   ഒരു തരം മരവിപ്പ് കാൽവിരൽ മുതൽ തല വരെ പടർന്നുകേറി.

ആകെയുള്ള സമ്പാദ്യമാണ് അതുകൂടി ഏതെങ്കിലും ബാങ്കിൽ കൊണ്ട് വെക്കേണ്ട ഗതികേട് വരുമോ? വരാതിരിക്കട്ടെ അല്ലാതിപ്പോ എന്താ പറയ്യാ ?!

അവളുടെ അന്നത്തെ ദിവസം തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഇന്നത്തെ മാത്രം വിശേഷമല്ല , ഏറെക്കുറെ എല്ലാ  ദിവസവും ഇങ്ങനെയൊക്കെത്തന്നെയാണ് ..

ഉള്ളിലിരുന്ന് പുകയുന്ന നെരിപ്പോട്  ആർക്കുമുന്നിലും  കാണിക്കാതെ ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി നടക്കുന്നവൾ .. 

കയ്യിലുള്ളതിനേക്കാൾ ഏറെയാണ് നഷ്ടമായ ഉരുപ്പടികളുടെ കണക്ക് ., ഇനിയും അവശേഷിക്കുന്ന ഒരു തരി പൊന്നു കൂടി അതിൽ പോയാൽ പിന്നെന്താണ് സ്വന്തമെന്ന് പറയാനുള്ളത്??? ചിന്തകളുടെ കനം  കൂടി വരുന്നു എന്ന തോന്നിയ നിമിഷം അവിടെ ഫുൾ സ്റ്റോപ്പിട്ടു.,

കാടു കയറുന്ന ചിന്തകൾക്ക് !!!



Comments

Popular posts from this blog