യാത്ര..
നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ഒരിടി മുഴങ്ങി . സകല ചരാചരങ്ങളെയും ഭയചകിതരാക്കുന്ന വിധം അതിൻ്റെ ശബ്‌ദം അവിടമാകെ പ്രതിധ്വനിച്ചു. എന്നാൽ വീടിനുള്ളിലെ തണുത്ത തറയിലിരുന്നിരുന്ന അവളിൽ യാതൊരു ചലനവുമുണ്ടായില്ല. ഉച്ച കഴിഞ്ഞു തുടങ്ങിയ മഴയിൽ ആ ഭാഗത്തെ വൈദ്യുതിബന്ധം പൂർണ്ണമായും നിലച്ചിരുന്നു. മുറിയിലെ കത്തിച്ചു വെച്ച മെഴുകുതിരിവെളിച്ചത്തിൽ ഒരു പ്രതിമപോലെ അവളിരുന്നു.,അഴിഞ്ഞുലഞ്ഞ മുടിയും രക്തം പുരണ്ട വസ്ത്രങ്ങളും ഒരു മാനസികരോഗിയെപ്പോലെ തോന്നിപ്പിച്ചു.
ഒരിടവേളയ്ക്കു ശേഷം മഴ ഇരച്ചെത്തി. കാറ്റിൽ തിരിനാളം ഒന്നുലഞ്ഞു. ആ ഉടൽ ഒന്നു വിറച്ചു. അവൾ പതിയെ മിഴികളുയർത്തി നോക്കി.,തറയിലാകെ രക്തം പരന്നൊഴുകിയിരിക്കുന്നു.അപ്പോഴും കൈയിൽ മുറുകെ പിടിച്ചിരുന്ന കത്തിയിലും രക്തക്കറയുടെ വഴുക്കൽ അനുഭവപ്പെട്ടു, എന്നിട്ടും അത് താഴെവെക്കാൻ തുനിഞ്ഞില്ല. പകരം ഒന്നുകൂടി പിടിമുറുക്കി. എന്തോ ഒരു ധൈര്യം മനസ്സിലും ശരീരമാകെയും നിറയുന്നതായി അവൾക്കു തോന്നി.
അന്തരീക്ഷത്തിലെ തണുപ്പ് പതിയെ ഉടലിലേക്കും അരിച്ചുകയറി. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് ഓർത്തെടുക്കാൻ അവളൊരു ശ്രമം നടത്തി.
ആകാശവാണിയിൽ 12 മണിയുടെ ഇംഗ്ലീഷ് വാർത്ത തുടങ്ങിയപ്പോഴേക്കും അടുക്കളയിലെ പണികളൊക്കെ ഏറെക്കുറെ കഴിഞ്ഞിരുന്നു. അലക്കിവെച്ച തുണികളോരോന്നും മടക്കി അലമാരയിൽ കയറ്റുകയെന്നതാണ് അടുത്ത പണി. എണീറ്റിട്ടു നേരമിത്രയായിട്ടും ഒന്നിരുന്നിട്ടില്ല., സ്വിച്ചിട്ടതുപോലെ വീട്ടിലെ പണികൾ ഓരോന്നായി തീർത്ത് ഓടിനടക്കുകയായിരുന്നു. പുറംപൊളിയുന്ന വേദന അതിൻ്റെ പാരമ്യത്തിലെത്തിയിരുന്നു. ഇടയ്ക്കിരിക്കാനോ കിടക്കാനോ പോയാൽ പണികൾക്ക് മുടക്കം വന്നാലോ എന്നുകരുതി വിശ്രമത്തിനു മുതിർന്നില്ല. മുറിയിലെത്തി തുണികളോരോന്നെടുത്ത് മടക്കാൻ തുടങ്ങിയപ്പോൾ കോളിംഗ്ബെൽ മുഴങ്ങി. മുൻവശത്തെ മുറിയിലെത്തി വാതിൽ തുറന്നു. സിറ്റൗട്ടിൽ ശ്രീ നിൽക്കുന്നുണ്ടായിരുന്നു. തീക്ഷണമായ ഒരു നോട്ടത്തോടെ അകത്തേക്കു കയറി. ഒരു നിമിഷം ഉള്ളൊന്നു പിടഞ്ഞു., ഇന്നത്തെ പ്രശ്‍നം എന്താണോ ആവോ ? എന്നും ഇതൊരു പതിവായിരിക്കുന്നു ,ഓരോ ദിവസവും ഓരോ പുതിയ പ്രശ്നങ്ങളുമായിട്ടാകും വരവ്. എത്രനാൾ ഇതിങ്ങനെ തുടരുമെന്നറിയില്ല ., എല്ലാം ഉള്ളിലൊതുക്കി ഇനിയും എത്രനാൾ ഇങ്ങനെ പോകേണ്ടിവരും ?! കുറച്ചു കാലംകൊണ്ട് ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു. പതിയെ അകത്തേക്ക് ചെന്നു. ദഹിപ്പിക്കുന്ന നോട്ടവുമായി ശ്രീ അവിടെയിരിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളെ നേരിടാനാവാതെ ഭൂമി പിളർന്ന് താഴേക്കു പോയിരുന്നെങ്കിൽ എന്ന് ഒരു മാത്ര ആശിച്ചുപോയി. അയാൾ അടുത്തേക്ക് വന്നു, കയ്യുയർത്തി തൻ്റെ മുഖം ബലമായി പിടിച്ചുയർത്തി. വല്ലാതെ വേദനിച്ചു കൈ വിടുവിക്കാൻ ശ്രമിച്ചപ്പോൾ പിടിത്തം മുറുകി ., കണ്ണുകൾ നിറഞ്ഞൊഴുകി ..എന്നിട്ടും അയാൾ പിടി വിട്ടില്ല. ബലിഷ്‌ഠമായ കൈക്കുള്ളിൽ മുഖം ഞെരിച്ചുകൊണ്ട് അയാൾ പറഞ്ഞു തുടങ്ങി; "നിന്റെ കാര്യം പറയുമ്പോൾ വീട്ടിൽ എല്ലാവർക്കും നൂറു നാവാണ്.,സത്യം പറ ശരിക്കും നീ ആരെയാ സുഖിപ്പിച്ചുകൊണ്ടിരിക്കണേ എൻ്റെ അച്ഛനെയോ അനിയനെയോ ?" ഒരു നിമിഷം ഞെട്ടിപ്പോയി. എന്തൊക്കെയാണീ മനുഷ്യൻ പറഞ്ഞു വരുന്നത് ? സ്വന്തം ഭാര്യയേയും അച്ഛനേയും ചേർത്തു അപമാനിക്കാൻ തുടങ്ങിയോ? സർവശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി മുന്നോട്ടോടി. പെട്ടെന്ന് മുടിയിൽ പിടിച്ചു പിന്നിലേക്ക് വലിച്ചിട്ടു. എങ്ങും പിടിത്തം കിട്ടാതെ താൻ താഴെ വീണു. വീഴ്ചയിൽ ദേഹം നന്നായി വേദനിച്ചു. പതിയെ കൈ കുത്തിയെഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി എന്നാൽ, രക്ഷപെടാൻ അനുവദിക്കില്ല എന്ന ഭാവത്തോടെ അയാൾ അടുത്ത് തന്നെ നിന്നിരുന്നു. തൻ്റെ കയ്യിൽ വലിച്ചുപൊക്കി ക്രൂരമായി അയാൾ പുലമ്പി ., "എനിക്കു കിട്ടാത്ത, അവർക്കു മാത്രം നീ കൊടുക്കുന്നതെന്താണെന്ന് ഇന്നെനിക്കറിയണം". അയാളുടെ കൈകൾ ഉടുപ്പിലേക്ക് നീളുന്നത് കണ്ടു താൻ കുതറിമാറി. രക്ഷപെടാൻ വഴിയെന്താണെന്നാലോചിച്ച് നാലുപാടും കണ്ണോടിച്ചു. ഒരിക്കൽക്കൂടി അയാളുടെ കയ്യിലകപ്പെട്ടാൽ തന്നെ കൊന്നുകളഞ്ഞേക്കുമെന്ന് തോന്നി. ഇരയെ വേട്ടയാടുന്ന വന്യമൃഗത്തിനെപ്പോലെ അയാൾ അടുത്തേക്ക് പാഞ്ഞുവരികയായിരുന്നു; പെട്ടെന്ന് കയ്യിൽ തടഞ്ഞത് വെള്ളംനിറച്ച ജഗ്ഗായിരുന്നു. അതെടുത്ത് വീശിയടിച്ചു. അയാളുടെ തലയ്ക്കാണ് അടി കൊണ്ടത്, ചോര ചിതറിത്തെറിച്ചു. എന്നിട്ടും വൈരാഗ്യം തീർക്കാനെന്ന പോലെ തൻ്റെ പിന്നാലെ വന്നു. നാളുകളായി തുടരുന്ന ഈ ദുരിതത്തിന് ഒരറുതി വരണമെന്നേ അപ്പോൾ മനസ്സിൽ തോന്നിയുള്ളൂ.. അതുകൊണ്ടു മാത്രമാണ് കിച്ചൻസ്ലാബിലിരുന്ന കത്തിയെടുത്ത് ആഞ്ഞുവെട്ടിയത്.,ഒരുതവണയല്ല പലതവണ .. ജീവൻ പോകുന്നത് വരെ തലങ്ങും വിലങ്ങും വെട്ടി. ഒരു നിമിഷം കഴുത്തിൽ കിടന്നിരുന്ന താലിമാലയിൽ കയ്യമർത്തി. കണ്ണുകൾ നിറഞ്ഞ് കാഴ്ച മങ്ങി.,ചുറ്റിനും രക്തം തളം കെട്ടി. പുറത്തു മഴ പെയ്യാൻ തുടങ്ങി ; ഇടിയും മിന്നലോടുകൂടിയും.. പെട്ടെന്ന് കറൻറ് പോയി. ഇരുട്ടിൽ തപ്പിത്തടഞ്ഞ് മെഴുകുതിരി കത്തിച്ചു, തറയിലിരുന്നു..
ആ ഇരിപ്പ് തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. ഇനിയെന്ത്? എന്ന ചോദ്യം നിലനിൽക്കുന്നു. ആരെയാണ് വിളിക്കേണ്ടത്? എന്താണ് പറയേണ്ടത്? ഞാൻ എൻ്റെ ഭർത്താവിനെ കൊന്നുകളഞ്ഞുവെന്നോ? ഉടലാകെ തീ പിടിക്കുന്നത് പോലെ അവൾക്കു തോന്നി. ഭിത്തിയിൽ പിടിച്ച് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. വേച്ചു പോയി., എങ്കിലും എഴുന്നേറ്റു നിന്ന് അരണ്ടവെളിച്ചത്തിൽ ചോരയിൽ മുങ്ങിക്കിടന്ന ശരീരത്തെ നോക്കി, പിന്നെ കഴുത്തിൽ കിടന്ന താലിയഴിച്ചു തറയിലേക്കിട്ടു. കൂട്ടിനുള്ളിൽ നിന്ന് സ്വാതന്ത്രയാക്കപ്പെട്ട പക്ഷിയെപ്പോലെ അവൾ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി. മഴത്തുള്ളികൾ ഇരുകയ്യും നീട്ടി അവളെ സ്വീകരിച്ചു, ഇടിമിന്നൽ അവളെനോക്കി പുഞ്ചിരിതൂകി. മഴമേഘങ്ങൾ അവളുടെ ദേഹത്ത് പറ്റിയിരുന്ന രക്തക്കറ മായ്ച്ചുകളയാൻ മത്സരിച്ചു.
യുദ്ധം ജയിച്ചുവന്ന പോരാളിയെ എന്നവണ്ണം പ്രകൃതി അവൾക്കു വഴിയൊരുക്കി. മരങ്ങൾ പൂക്കളും ഇലകളും വിതറി തങ്ങളുടെ സന്തോഷമറിയിച്ചു.
ജീവിതത്തിൽ ആദ്യമായി മനസ്സുനിറഞ്ഞ് അവൾ സന്തോഷിക്കുകയായിരുന്നു.. മറ്റാരെക്കാളും അവളുടെ വേദനകൾ കണ്ട പ്രകൃതിയും അവൾക്കൊപ്പം ചേർന്നു മുന്നോട്ടു നടന്നു. അവൾക്കിനിയും ഒരുപാട് ദൂരം പോകാനുണ്ടായിരുന്നു;ഒരിക്കൽ പാതിവഴിയിൽ ആർക്കൊക്കെയോ വേണ്ടി ഉപേക്ഷിച്ച യാത്ര വീണ്ടും ആരംഭിക്കുകയായിരുന്നു അവിടെ..
❤
Comments
Post a Comment