ഇനി ഞാൻ ഉറങ്ങട്ടെ..
വാക്കുകൾകൊണ്ടുള്ള കുഴിമാടം.. കോച്ചിവലിക്കുന്ന തണുപ്പത്തുള്ള ആ കിടപ്പ് അത്ര സുഖകരമായിരുന്നില്ല. വാക്കുകളിൽ ചിലത് മുറിവുകളൊപ്പുമ്പോൾ മറ്റു ചിലത് മാംസം കൊത്തിവലിക്കുന്നു .,രക്തം വാർന്നൊലിച്ചുകൊണ്ടിരുന്നു. അവസാന തുള്ളി രക്തവും കണ്ടേ അടങ്ങൂ എന്ന തരത്തിൽ ആരോ ചെയ്യുന്നത് പോലെ ഉണ്ടായിരുന്നു വാക്കുകൾകൊണ്ടുള്ള ഓരോ പ്രയോഗങ്ങളും.
കൈകാലുകളിലൂടെ തണുപ്പ് അരിച്ചു കയറിത്തുടങ്ങിയിരിക്കുന്നു.,ദേഹമാസകലം കൊളുത്തിവലിക്കുന്ന വേദന.,ഒരിക്കൽ ഇഷ്ടാനുസരണം സഞ്ചരിച്ചിരുന്ന കൈകാലുകൾ ചലനമറ്റ് തളർന്നു കിടന്നു. ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങളൊക്കെ വിഫലമായി.
ആ കിടപ്പ് അങ്ങനെ തന്നെ തുടർന്നു.,തണുപ്പ് സഹിക്കാവുന്നതിലുമപ്പുറമായിരിക്കുന്നു. അവിടെ നിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നുണ്ട്.,കഴിയുന്നില്ല. നെഞ്ചിനുമേലെ എന്തോ ഭാരം കയറ്റിവെച്ചതുപോലെ.
ചുറ്റിനും നിന്ന് ആരൊക്കെയോ സംസാരിക്കുന്നുണ്ട് , ഒന്നും വ്യക്തമല്ല..തൊണ്ട വരളുന്നു , വെള്ളം വേണം..എങ്ങനെ പറയും ആരോടു പറയും നാവു പൊങ്ങുന്നില്ല.. ഈശ്വരാ..എന്തൊരവസ്ഥയാണിത് ? എന്തിനാണ് ഒന്നിനു പിറകെ ഒന്നായി എന്നെയിങ്ങനെ പരീക്ഷിക്കുന്നത് ? എന്തു തെറ്റാണ് ഞാൻ എല്ലാവരോടും ചെയ്തത് ??? ഈ ജീവിതം ഒന്നവസാനിച്ചു കിട്ടിയാൽ മതിയായിരുന്നു.
തല പിളർന്നു പോകുന്നത് പോലെ .. വേദന സഹിക്കാൻ കഴിയുന്നില്ല.
കണ്ണുകളിൽ നിറയുന്നത് ഇരുട്ട് മാത്രമാണ് ., തൊട്ടുമുന്നിൽ വന്നു നിൽക്കുന്ന മരണമാണോ അത്?! ശ്വാസഗതിയിൽ വ്യതിയാനങ്ങളുണ്ടാകുന്നു. ഒന്ന് മരിച്ചുകിട്ടാൻ എന്തെല്ലാമാണ് അനുഭവിക്കേണ്ടത് ., ഇതിനൊരവസാനമില്ലേ?
പൊടുന്നനെ അരികിൽ ആരോ വന്നതുപോലെ! ആ ശരീരത്തെ ചൂട് ദേഹത്തു വന്നു തട്ടി, ആരാണത് ? കണ്ണുകൾ വലിച്ചുതുറക്കാൻ ഒരു ശ്രമം നടത്തി. ഫലം ഉണ്ടാവില്ല എന്നറിഞ്ഞിട്ടും അവസാന പ്രതീക്ഷയെന്നവണ്ണം ഒന്നുകൂടി ശ്രമിച്ചുനോക്കി. ഇക്കുറി അത് സാധിച്ചു., മുഴുവനായിട്ടല്ലെങ്കിലും കണ്ണുകൾ പാതി തുറന്നു നോക്കി. ആ മുഖം കണ്ടു.
ദേഹം മുഴുവൻ പടർന്ന തണുപ്പു മാറി, മുറിവുകളുണങ്ങി തുടങ്ങി, നെഞ്ചിനുമീതെ ഉണ്ടായിരുന്ന ഭാരമിറങ്ങിപ്പോയി, തലക്കുള്ളിൽ ഒരു കുളിർമ്മ അനുഭവപ്പെട്ടു. ഒരു പുതിയ ജീവിതത്തിൻ്റെ പ്രതീക്ഷകൾ നൽകി മരണം പതിയെ പടിയിറങ്ങിപ്പോയി..
അരികിലുണ്ടായിരുന്നയാൾ തൻ്റെ കൈകൾ ചേർത്തുപിടിച്ച് മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു. പിന്നെ പതിയെ നെറ്റിയിൽ ചുംബിച്ചു.
പാതിയടഞ്ഞ മിഴികളിലൂടെ ആ മുഖത്തു നോക്കി പറഞ്ഞു.,
"നീ അരികിലുണ്ടാവില്ലേ ., ഇനി ഞാൻ ഉറങ്ങട്ടെ ? "
കണ്ണുകൾ ഇറുകെ പൂട്ടി ഗാഢമായ നിദ്രയിലേക്ക് ഞാൻ വഴുതി വീണു..
Comments
Post a Comment