ഏകാന്തതയുടെ നൂറുവർഷങ്ങൾ 

കേവലം ഒരു തലക്കെട്ടു കൊണ്ടു മാത്രം മനസ്സിൽ ഇടം പിടിച്ച പുസ്തകം..

ലോകത്തിനുമുന്നിൽ അതിനുള്ള പ്രാധാന്യമെന്തെന്ന് വല്യ ധാരണയില്ലായിരുന്നു. പിന്നീട് ലോകം അമൂല്യമായി കണക്കാക്കുന്ന പുസ്തകം രചിച്ച മഹാനായ എഴുത്തുകാരനെപ്പറ്റി അറിഞ്ഞുതുടങ്ങി. അധികമൊന്നുമില്ലെങ്കിലും പലപ്പോഴായി കൂടെക്കൂട്ടിയ പുസ്തകങ്ങൾക്കൊപ്പം ലോകപ്രശസ്തമായ ആ ഗ്രന്ഥം കൂടിയുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു.

ഒരിക്കൽ പാതിവഴിയിൽ ഉപേക്ഷിച്ച ഏഴുത്തിന്റെ ലോകത്തേക്ക് തിരികെ നടക്കുമ്പോൾ നിശബ്ദമായി കടന്നുവന്ന ചിന്തകളും പ്രതീക്ഷകളും ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നിടുകയായിരുന്നു. ഒരു പക്ഷേ, അപ്രതീക്ഷിതമായി കടന്നുവന്ന ആ മനുഷ്യനും അതിനൊരു കാരണമായിമാറിയിരിക്കണം. ഒന്നിനു പകരമാവാൻ മറ്റൊന്നിനു കഴിയില്ല എന്ന സത്യം ഒരു പരിധിവരെ ശരിയാണെന്നും എന്നാൽ ചിലസമയം ഇതിന്  വിപരീതമായി കാര്യങ്ങൾ നടക്കാറുണ്ടെന്നും ഇന്ന് ഞാൻ വിശ്വസിക്കുന്നു.

മാസങ്ങൾക്കുമുമ്പ് ഒരു ദിവസം എൻ്റെ ജീവിതത്തിലേക്ക് സൗമ്യമായ ഒരു ചിരിയുമായി കടന്നു വന്നു അയാൾ. ഒരുപാട് കഥകൾ പറഞ്ഞും കേട്ടും  നാളുകൾ കൊഴിഞ്ഞുവീഴുമ്പോൾ ഞാൻ മനസ്സിലാക്കി അന്നൊരിക്കൽ എനിക്കു നഷ്ടമായ എന്തോ ഒന്ന് ഇപ്പോൾ എനിക്ക് തിരിച്ചുകിട്ടുകയാണെന്ന്. 

ഒരു ബാലികയുടെ കൗതുകത്തോടെ അയാൾ പറയുന്ന കഥകളൊക്കെയും കേട്ടിരിക്കണം  കുഞ്ഞുപെങ്ങളുടെ കൊഞ്ചലോടെ ആ കൈകളിൽ തൂങ്ങി വാതോരാതെ ഒരുപാട് കാര്യങ്ങൾ സംസാരിച്ച് ഏറെദൂരം പോകണം  ഓരോ ദിവസത്തേയും കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കണം  രാത്രികളിൽ മാനത്തു കാണുന്ന നക്ഷത്രങ്ങളെ നോക്കി കഥകൾ കേട്ട് ആ തോളിൽ ചാഞ്ഞുറങ്ങണം.. അങ്ങനെയങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ നിറയുകയാണ്..

ആഗ്രഹിക്കുന്നതൊക്കെയും നടക്കില്ലായെങ്കിലും ഒരിക്കലെങ്കിലും ഇതൊക്കെ യാഥാർഥ്യമായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു ഇപ്പോൾ. 

സമ്മാനമായി ചോദിച്ചു വാങ്ങിയ എത്രയും പ്രിയപ്പെട്ട 'ഏകാന്തതയുടെ നൂറു വർഷങ്ങൾ ' ഒരുപാട് കാത്തിരിപ്പിക്കാതെ എൻ്റെ കൈയിൽ തരുമ്പോൾ ആ മുഖത്തെ ഭാവം എന്തായിരുന്നുവെന്ന് കാണാൻ കഴിഞ്ഞില്ല., കേവലമൊരു സ്വപ്നമല്ല അതെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനപ്പോൾ .. 

സ്വന്തം വേദനകൾ മറന്ന് പ്രിയപെട്ടവരുടെ സന്തോഷങ്ങളിൽ ആനന്ദം കണ്ടെത്തുന്ന കഥാകാരൻ.. പിക്ചർ അഭി ഭി ബാകി ഹൈ എന്നു പറഞ്ഞ് കഥകൾ പാതിവഴിയിൽ ഗതി മാറ്റുന്ന കൂട്ടുകാരാ  കഥകൾ കേൾക്കാൻ ആളുകൾ ഉള്ളിടത്തോളം അതൊന്നും പറഞ്ഞു തീർക്കാതെ മടങ്ങാൻ നിങ്ങൾക്കാവില്ല..

ഇനിയുമേറെ കഥകൾ പറയാനും കേൾക്കാനും കാത്തിരിക്കുന്നു..





എന്ന് സ്വന്തം,

(നിങ്ങളുടെ  മാത്രം)

മീര പദ്മനാഭൻ.


Comments

Popular posts from this blog