ദയ
"കാത്തിരിപ്പിന്റെ സുഖം .. അതൊന്ന് വേറെയാ.."
"ഉവ്വ് , ഭയങ്കരം തന്നെ.. ആ ബസും പോയി കിട്ടി .."
"അതിനിപ്പോ എന്താ ., അടുത്ത ബസ് ഇപ്പോ വരില്ലേ .. പിന്നെന്താ ?"
"ഉവ്വ് ഇനി ഒന്നര മണിക്കൂർ കഴിയണം അടുത്ത വണ്ടി വരാൻ .. അതുവരെ ഇവിടെ നോക്കിയിരിക്കണം .."
"ഓ പിന്നേ വേഗം പോയിട്ടെന്തിനാ വല്യ മല മറിക്കണ പണിയൊന്നുല്ലല്ലോ .. അപ്പോ കുറച്ചു നേരം ഇവിടെ നിക്കാം .."
"അതെ നിനക്കത് പറയാം ., അമ്മേടെ വായിലിരിക്കുന്നത് മുഴുവൻ കേക്കണം.. നീ അല്ലല്ലോ ഞാനല്ലേ കേക്കണേ ..? അതുകൊണ്ട് നിനക്കു പറയാം .."
പരസ്പരം പരാതിയും പരിഭവവുമായി ആ രണ്ടു പെൺകുട്ടികൾ ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു. ഇരുവരും നഗരത്തിലെ പ്രശസ്തമായ കോളേജിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾ. കാഴ്ചയിൽ കൂടപ്പിറപ്പുകളെ പോലെ തോന്നിക്കണ ആത്മമിത്രങ്ങൾ ! മീരയും ദയയും..
മീര അവിടെക്കണ്ട ഒഴിഞ്ഞ കസേരകളിലൊന്നിലിരുന്നു. ദയ വീണ്ടും പറഞ്ഞു തുടങ്ങി.,
"കാത്തിരിപ്പിന്റെ സുഖം അതൊന്ന് വേറെ തന്നെയാടോ.. വേദനയുള്ളൊരു സുഖം..നീണ്ട കാത്തിരിപ്പിനൊടുവിൽ ആഗ്രഹിച്ചത് കയ്യിൽ കിട്ടുമ്പോഴോ അതിലേറെ മധുരം.."
"അസ്ഥാനത്തുള്ള നിന്റെ ഈ സാഹിത്യം എനിക്ക് തീരെ പിടിക്കുന്നില്ല കേട്ടോ പെണ്ണേ .." മീര ഗൗരവക്കാരിയായി . അവളുടെ മുഖത്തെ ഭാവം കണ്ടു ദയക്ക് ചിരി വന്നു. അവൾ പറഞ്ഞു.
"ഹോ മീര പദ്മനാഭൻ എന്ന് കേട്ടാൽ പ്രിൻസിപ്പാൾ വരെ ഒന്നു ഞെട്ടും., അങ്ങനെ ഉള്ളവളാ ഒരു വണ്ടി പോയതിനു കിടന്നു കരയുന്നത്..ഒന്ന് നിർത്തി വീണ്ടും തുടർന്നു.,
"നിന്നെ കാത്തിരിക്കാൻ നിന്റെ അമ്മയുണ്ട് ., എന്നെ കാത്തിരിക്കാൻ ആരാ ഉള്ളത് ? ആ വലിയ വീട്ടിലെ ഇരുട്ടു നിറഞ്ഞ മുറിയോ ? അവിടെ കാത്തിരിക്കുന്നത് ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന മരണമാണ്..!"
മീരയുടെ മുഖത്ത് വേദന നിറഞ്ഞു. അവൾ എഴുന്നേറ്റു വന്ന് ദയയുടെ കൈ പിടിച്ചു.
"നിന്നെ സങ്കടപെടുത്താൻ പറഞ്ഞതല്ലെടാ.."
"ഓ പിന്നേ സങ്കടം.. ഒന്നു പോ പെണ്ണേ..നമ്മൾ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയവരാണോ ? നീ എന്റെ സ്വന്തമല്ലേ .."
മീരയുടെ കണ്ണുകൾ നിറഞ്ഞു.
ദയ തുടർന്നു.
"ഓരോ ദിവസവും എത്ര പ്രതീക്ഷകളോടെയാണ് കടന്നു പോകുന്നത്., കാത്തിരിക്കുന്നവരും കാത്തിരിക്കപ്പെടുന്നവരുമായ എത്രപേരാണ് ?
അതിനും വേണം ഒരു യോഗം.." ഒരു നെടുവീർപ്പോടെ അവൾ നിർത്തി.
"ഒന്ന് നിർത്തുന്നുണ്ടോ നീയ് ..? കുറെ നേരമായി സഹിക്കുന്നു. വേറൊന്നും പറയാനില്ലേ നിനക്ക്?" മീര ശബ്ദമുയർത്തി.
"പിന്നേ ഉണ്ടല്ലോ..കുറേ നേരം കാത്തിരുന്നിട്ടു വീട്ടിലേക്കുള്ള വണ്ടിയിൽ കേറുന്ന സുഖം.. അടിപൊളിയല്ലേ?!" ദയ പറഞ്ഞു.
വെയിൽ മങ്ങി. ആകാശത്തു മഴക്കാർ നിറഞ്ഞു.അതുകണ്ട് എണീറ്റുകൊണ്ട് മീര പറഞ്ഞു.
"ഈശ്വരാ മഴയ്ക്കു മുന്നേ ബസ് വരണേ.."
"അതെന്താ മഴ പെയ്താൽ?" ദയ ചോദിച്ചു.
"ഒന്നു പെയ്തതിന്റെ ക്ഷീണം മാറീട്ടില്ല., അപ്പോഴാ.."
"ഓ കടലാസ്സിൽ മാത്രം പോരാ ഈ മഴ സ്നേഹം..,
കത്തുന്ന വെയിലത്തു വാടിക്കരിഞ്ഞു നിക്കുമ്പോ മഴ വേണം..മഴ പെയ്തു തുടങ്ങുമ്പോഴോ അതൊന്നു തീർന്നു കിട്ടണം എന്ത് മനസാണ് നിന്റേത് ?
കഷ്ടം തന്നെ!
മഴ ദുരന്തമാണെന്ന് ആരാ പറഞ്ഞത്..സഹിക്കാവുന്നതിലും അപ്പുറമാകുമ്പോൾ ആരായാലും പ്രതികരിച്ചുപോകും., അതിപ്പോ നീ ആയാലും ഞാൻ ആയാലും.." ദയ രോഷം കൊണ്ടു.
"മഴ പെയ്യട്ടെ.. ഇടിയും മിന്നലും ഒക്കെയായി തകർത്തുപെയ്യട്ടെ..ദി ഗ്രേറ്റ് നോർത്ത് ഈസ്റ്റേൺ മൺസൂൺ!!" അവൾ പറഞ്ഞു.
"തുലാമഴ ! അങ്ങനെ പറഞ്ഞാ മതി." മീര അവളെ തിരുത്തി.
"ഓ ശരി മാഡം..തുലാമഴയെങ്കിൽ തുലാമഴ!"
മഴ പൊടിഞ്ഞു തുടങ്ങി.
"ദേ വണ്ടി വന്നു.."
മീര കൂട്ടുകാരിയുടെ കൈ പിടിച്ചു ബസിലേക്ക് കേറി.
അടുത്തടുത്ത സീറ്റുകളിൽ ഇരുന്ന് ടിക്കറ്റെടുക്കുന്നതിനിടയിലാണ് മീര അത് ശ്രദ്ധിച്ചത്. കൂട്ടുകാരിയുടെ കഴുത്തിനു പുറകിലായി തീപ്പൊള്ളലേറ്റതുപോലെ പാടുകൾ.
"എന്താ ഇത്? എങ്ങനെ പറ്റിയതാ ?" ഞെട്ടലോടെ മീര ചോദിച്ചു.
"ഇതോ? ഇത് ഇന്നലെ കിട്ടിയ സമ്മാനം! അമ്മായി വക!! നിന്നോട് പറയാൻ മറന്നു." നേർത്ത ചിരിയോടെ ദയ പറഞ്ഞു.
"എന്തായിരുന്നു കാര്യം?"
"അമ്മായിക്കൊരാഗ്രഹം അവരുടെ അനന്തരവന് എന്നെ കെട്ടിച്ചു കൊടുത്താലോ ന്ന്.. അപ്പോഴേ ഞാൻ പറഞ്ഞു നടക്കില്ല എന്ന്.,അതിനു കിട്ടിയ സമ്മാനം."
"ഏത് ആ പോലീസുകാരനോ?" മീര വീണ്ടും ചോദിച്ചു.
"ഉം..അയാള് തന്നെ.." ദയ പറഞ്ഞു.
പെട്ടെന്ന് ബസ് നിന്നു. മുൻപിലുണ്ടായിരുന്ന വണ്ടികളിലെല്ലാം പോലീസ് തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
"പോലീസ്.." മീര പിറുപിറുത്തു.
"അവർ എന്നെയാണ് തെരയുന്നത്.." ദയ പറയുന്നത് കേട്ട് ഒരു ഞെട്ടലോടെ മീര അവളുടെ മുഖത്തേക്ക് നോക്കി.
"അവരെന്നെ കൊല്ലാനാണ് വന്നത്., ഞാൻ അവരെ കൊന്നു.." ദയ പറഞ്ഞു നിർത്തിയിട്ട് മീരയുടെ മുഖത്തേക്ക് നോക്കി. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. മീര കരച്ചിലടക്കാൻ പാടുപെട്ടു. ദയ തുടർന്നു.
"നീ കരയരുത്., ഞാൻ അതു ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്നിപ്പോ നിന്റൊപ്പം ഞാനുണ്ടാകുമായിരുന്നില്ല. എൻ്റെ ശത്രുക്കളെ ഞാൻ ഇല്ലാതാക്കി അത്രേയുള്ളൂ.
ദേ നോക്ക് മഴ തുടങ്ങി. നീ പറയണ പോലെ ദുരന്തം കൊണ്ടുള്ള വരവല്ല., എൻ്റെ സന്തോഷത്തിൽ പങ്കുകൊള്ളുകയാണ്. പിന്നെ നീ ഈ മഴ നനയണ്ട, പേമാരിയാണ്., പനി പിടിച്ചാലോ? ഇതെനിക്കു വേണ്ടി കാത്തുവെച്ചിരുന്ന മഴയാണ്. ഞാനിത് നനയാൻ പോവുകയാണ്..
പോലീസുകാർ ഇങ്ങോട്ടു വരുന്നതിനു മുന്നേ അങ്ങോട്ട് ചെല്ലണം. എൻ്റെ കുട്ടി ഹാപ്പിയായിട്ടിരിക്കണം. ഞാൻ വരും..ദിസ് ഈസ് ദി ടൈം ടു ടേക്ക് എ ബ്രേക്ക്., ഹിയർ ഈസ് ദയ വൈദ്യനാഥൻ സൈനിംഗ് ഓഫ് .. ബൈ.."
*****
"ടീച്ചറേ .."
ഉച്ചത്തിൽ ആരോ വിളിക്കുന്നതു കേട്ട് മീര ഞെട്ടിയുണർന്നു. രാജീവ് സാറാണ്.
"എന്താ സർ ?"
"ടീച്ചർ മയക്കത്തിലായിരുന്നോ?"
"ചെറിയൊരു തലവേദന., ഒന്ന് മയങ്ങി."
"ടീച്ചറിന് ഒരു വിസിറ്ററുണ്ട്, പ്രിൻസിപ്പാൾ വിളിച്ചു പറഞ്ഞു."
"എനിക്കോ?" വിശ്വാസം വരാത്തപോലെ മീര ഒന്നുകൂടി ചോദിച്ചു.
"അതെ.ആള് പുറത്തു നിൽപ്പുണ്ടെന്ന്."
ആരാണ് ഇവിടെ ഈ നേരത്ത് തന്നെക്കാണാൻ? മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു. ഉള്ളിലെ ആവലാതി പുറത്തു കാണിക്കാതെ വരാന്തയിലേക്കിറങ്ങി. എതിരെ വന്ന വിദ്യാർത്ഥിനികളിലൊരാൾ ഒരു ചുവന്ന റോസാപ്പൂ മീരയുടെ നേർക്ക് നീട്ടിപ്പറഞ്ഞു;
"ഹാപ്പി ബർത്ഡേയ് ടീച്ചർ.."
അത്ഭുതത്തോടെ മീര കുട്ടികളേയും പൂവിലേക്കും നോക്കി. പെട്ടെന്ന് വരാന്തയിലെ തൂണുകളിലൊന്നിന്റെ മറവിൽ നിന്നും ഒരാൾ അവളുടെ മുന്നിലേക്ക് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു.
"ഹലോ മിസ്സ് മീര പദ്മനാഭൻ,ഹാപ്പി ബർത്ഡേയ് ടു യൂ..യുവർ ദയ ഈസ് ഹിയർ വിത്ത് യൂ .."
നീണ്ട കാത്തിരിപ്പിനു ശേഷം അവളിലേക്കെത്തിയ വസന്തത്തെ മീര നിറമിഴികളോടെ നെഞ്ചോടു ചേർത്തു..
🌹
Comments
Post a Comment