കണ്ടുമുട്ടലുകൾ 


അന്ന് കണ്ടപ്പോൾ അയാൾ ക്ഷീണിതനായിരുന്നു, എന്നത്തേയും പോലെ.. എല്ലാം ഒരു ചിരിയിലൊളിപ്പിച്ച് സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു., അവളുടെ മുന്നിൽ അധികനേരം അങ്ങനെ തുടരാനാവില്ല എന്നറിഞ്ഞിട്ടുകൂടി.. 

അയാളുടെ ആ അവസ്ഥ കണ്ടുനിൽക്കാൻ അവളും പണിപ്പെട്ടു. ചുണ്ടിൽ വരുത്തിത്തീർത്ത ചിരിയുമായി വാതിൽപ്പടിയിൽ ചാരി അവൾ നിന്നു. എത്ര ശ്രമിച്ചിട്ടും  കണ്ണുകളെ നിയന്ത്രിക്കാൻ അവൾക്കായില്ല . അവ  നിറഞ്ഞൊഴുകി കാഴ്ചയെ മറച്ചു, വീണുപോകാതിരിക്കാൻ വാതിലിൽ പിടി മുറുക്കി. അയാൾ കാണാതെ സാരിത്തലപ്പുയർത്തി കണ്ണുകളൊപ്പി. 

പതിവു പോലെ അവർ സംസാരിച്ചു തുടങ്ങി.,നാട്ടുകാര്യവും വീട്ടുവിശേഷങ്ങളും അങ്ങനെയങ്ങനെ..പതിവിൽ നിന്നും വിപരീതമായി അയാൾ കൂടുതൽ വാചാലനാവുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. ഇടയിലൊക്കെ മൗനമായി അയാളെ കേട്ടിരുന്നു. പുതിയ തട്ടകത്തിലെ വർത്തമാനങ്ങളിൽ ആ സ്വരത്തിൽ സന്തോഷം നിറഞ്ഞിരുന്നു. വേനലിൽ എത്തിയ മഴപോലെ അവൾക്കത് ആശ്വാസം  പകർന്നു. ഇത്തിരി നേരം കൊണ്ട് ചെയ്ത് തീർക്കേണ്ട ഒത്തിരിക്കാര്യങ്ങളുടെ ലിസ്റ്റ് വളരെ നീളമേറിയതായിരുന്നു. എന്തിനും ആവശ്യമായ ശക്തി അയാൾക്ക്‌ നൽകണമേ എന്ന് അവളുടെയുള്ളിൽ പ്രാർത്ഥന നിറഞ്ഞു. 

സംസാരത്തിനിടയിലെപ്പോഴോ ജാതകത്തിൽ ചേർക്കപ്പെട്ട അകാലമൃത്യുവിനെപ്പറ്റിയും അയാളുടെ നാവിൽ നിന്നും അവൾക്ക് കേൾക്കേണ്ടി വന്നു. ഒരു നിമിഷം നെഞ്ചിലെ പിടപ്പ് പുറത്തു കാണിക്കാതെ അവൾ മുഖമുയർത്തി., അതുവരെ ഉള്ളിലടക്കിപ്പിടിച്ചു നടന്നിട്ടു അബദ്ധത്തിൽ പുറത്തു വന്ന കാര്യത്തിന് വിശദീകരണം കണ്ടെത്താൻ അയാൾ നന്നേ പണിപ്പെട്ടു. മറ്റെന്തൊക്കെയോ കാര്യങ്ങൾ പറയാൻ ശ്രമിച്ചു. ഒരു ചോദ്യംചെയ്യലിനു മുതിരാതെ അയാൾ പറഞ്ഞതിനൊക്കെ മറുപടി പറഞ്ഞു അവളിരുന്നു. 

പത്നീസമേതനായ ഭഗവാൻ ആറാട്ടനുബന്ധ  ചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്രത്തിനകത്തേക്കു എഴുന്നള്ളാനിറങ്ങിയപ്പോൾ അവളെഴുന്നേറ്റു, മടങ്ങാൻ സമയമായിരിക്കുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിലെന്തായിരുന്നുവെന്ന് ഇപ്പോൾപ്പോലും പിടിതരാതെ പോവുകയാണ്.

കാലം മായ്ക്കാത്ത മുറിവുകളില്ല എന്നിരുന്നാലും കാലമേറെ കഴിഞ്ഞാലും രക്തം വാർന്നൊഴുകുന്ന മുറിവുകളുമുണ്ടാകുന്നുവെന്നതാണ് സത്യം..

ഒരിക്കൽക്കൂടി കണ്ടുമുട്ടാൻ ഇപ്പോൾ യാത്ര പറയുകയാണ്.




🌸

Comments

Popular posts from this blog