☕Million-Dollar Coffee Date☕
"എന്തിഷ്ടമാണെന്നറിയ്യോ നിനക്ക്?"
"അതൊരു സിനിമയിലെ ഡയലോഗല്ലേ?"
ഗ്ലാസിലെ കാപ്പി മെല്ലെയൂതി കുടിച്ചു കൊണ്ട് അവൾ അവൻ്റെ മുഖത്തേക്ക് നോക്കി. മറുപടിയൊന്നും പറയാതെ അവളുടെ കണ്ണുകളിൽത്തന്നെ നോക്കി അവനിരുന്നു. അവൻ്റെ നോട്ടത്തെ നേരിടാനാവാത്ത പോലെ അവൾ കണ്ണുകൾ ഗ്ലാസിലെ കാപ്പിയിലേക്കാക്കി.
" നല്ല കാപ്പി..."
ആവി പറക്കുന്ന കാപ്പിയുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് അവൾ പറഞ്ഞു. അപ്പോഴും അവൻ നിശ്ശബ്ദനായിരുന്നു. ഒരിക്കൽക്കൂടി മിഴികളുയർത്തി നോക്കവേ ഒരു മന്ദഹാസത്തോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന അവൻ്റെ മുഖം മുന്നിൽക്കണ്ട് അവളുടെ ചുണ്ടിൽ നാണത്താൽ കുതിർന്നൊരു ചിരി വിരിഞ്ഞു.
"ഇങ്ങനെ നോക്കല്ലേ പ്ലീസ്..."
ആ മുഖം കുനിഞ്ഞു പോയി.
ഞൊടിയിടയിൽ പ്രിയപ്പെട്ടവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ മനസ്സ് നിറയെ അസ്വദിച്ചിരിക്കുകയായിരുന്നു അവൻ.
" എന്ത് ഭംഗിയാ പെണ്ണേ....കണ്ണെടുക്കാൻ തോന്നുന്നില്ല.."
"പിന്നേ പിന്നേ അത്രയ്ക്കൊന്നൂല്ല....അല്ലെങ്കിലും പ്രേമിക്കുമ്പോ ഇങ്ങനെയൊക്കെ തോന്നും...'
അവളവനെ നോക്കി കണ്ണുചിമ്മി.
" അതു ശരിയാ പത്തിരുപത് കൊല്ലമായിട്ടും ഇപ്പോഴും എനിക്കിത് മാറ്റിപ്പറയാൻ കഴിയുന്നില്ലല്ലോ?.."
അവൻ ചിരിയോടെ പറഞ്ഞു.
അസ്തമയ സൂര്യൻ്റെ കിരണങ്ങൾ അവളുടെ കവിളുകളെ കൂടുതൽ ചുവപ്പിച്ചു. അവൻ്റെ തോളിലേക്ക് തല ചേർത്തവളിരുന്നു. മനോഹരമായ ആ സായാഹ്നത്തെ സാക്ഷിയാക്കി അവൻ്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.
🧡❤️💜💚🩷
Comments
Post a Comment