ഓർമ്മയിൽ ഒരു മാമ്പഴക്കാലം
പണി കഴിഞ്ഞെത്തിയ അച്ഛൻ്റെ സഞ്ചിയിലുണ്ടായിരുന്ന അധികം വലിപ്പമെത്താത്ത നാട്ടുമാങ്ങ .,
കയ്യിലെടുത്ത് മൂക്കോടടുപ്പിക്കുമ്പോൾ
വർഷങ്ങൾ പിന്നിലേക്ക് പോയി.,
പ്രായവും കുറഞ്ഞു ....
പഴുത്ത മാങ്ങയുടെ മണം ഉള്ളിലേക്ക് വലിച്ചെടുക്കുമ്പോൾ ആ പഴയ പെറ്റിക്കോട്ടുകാരിയായിരുന്നു.....
താടിത്തുമ്പിലൂടെ വെള്ള പെറ്റിക്കോട്ടിലേക്ക് ഇറ്റ് വീഴുന്ന മാമ്പഴച്ചാറ്.,
കൈവെള്ളയ്ക്കുള്ളിൽ നിന്ന് വിരലുകൾക്കിടയിലൂടെ മുട്ടുവരെ ഒലിച്ചിറങ്ങി.... ആകെ മൊത്തത്തിൽ ഒരു മാമ്പഴമയം .....
പിന്നെയും പിന്നെയും കൊതിപ്പിക്കുന്ന മധുരം...
ഇടംകയ്യിലിരുന്ന ഫോൺ പുതിയ എന്തോ അറിയിപ്പുമായി വന്നു വൈബ്രേറ്റ് ചെയ്തപ്പോൾ വലംകയ്യിലിരുന്ന മാങ്ങയെ ഒന്ന് നോക്കി യഥാസ്ഥാനത്ത് തിരിച്ചു വെച്ച് തിരിഞ്ഞു നടന്നു., നാലുവയസ്സുകാരിയിൽ നിന്നും
ഇരുപത്തെട്ടുകാരിയിലേക്ക്.....
Comments
Post a Comment